മൂന്നാർ ട്രിപ്പും അല്പം ചായ ചരിത്രവും

· Travel

മൂന്നാറിലേക്ക് ഞാൻ ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട് കോളജിൽ പഠിക്കുമ്പോൾ കൂട്ടുകാരുമൊത്തായിരുന്നു ആദ്യത്തെ യാത്ര. അന്ന് തണുത്തുവിറച്ച് ഒരു KSRTC ബസിൽ അതിരാവിലെ മൂന്നാറിൽ ഞങ്ങൾ എത്തിയപ്പോൾ അനുഭവിച്ച ഫീൽ ഒന്ന് വേറെ തന്നെ. അതിന് ശേഷം പലതവണ ഞാൻ മൂന്നാറിൽ വന്നിട്ടുണ്ട്. കഴിഞ്ഞവർഷം മൂന്നാർ മാരത്തോണിലെ ഹാഫ് മാരത്തോൺ ഓടുകയുണ്ടായി അതിനെപ്പറ്റി ഞാൻ മുൻപ് എഴുതിയിട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 5200 അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിക്കിടയിൽ തേയിലപ്പുതപ്പിട്ടുറങ്ങുന്ന ഒരു പ്രദേശം. വേവുന്ന ചൂടുള്ള വിശാലമായ കൊച്ചിയിൽ നിന്നും വെറും 130 km മാത്രം അകലെ തികച്ചും വ്യത്യസ്തമായ സുഖകരമായ കാലാവസ്ഥയുള്ള തിരക്ക് പിടിച്ച ചെറിയ തെരുവുകൾ ഉള്ള ഒരു കൊച്ചു ടൗൺ.

കാലം പോയപ്പോൾ യാത്രകളുടെ മട്ടുമാറി ഏകാന്തസഞ്ചാരങ്ങൾ തീരെ ഇല്ലാതായി, കയ്യിലൊരു ബാഗും ഫോണും ഉണ്ടെങ്കിൽ എവിടെയും എപ്പോളും പോകാമെന്നുള്ള ചിന്തകൾ സുരക്ഷിതത്വത്തിനും യാത്രാസുഖത്തിനും വഴിമാറി. ഇത്തവണ ഓണം വെക്കേഷന്റെ ഭാഗമായി ഫാമിലി ആയിട്ട് കാറിൽ സ്വയം ഡ്രൈവ് ചെയ്തായിരുന്നു യാത്ര. മൂന്നാറിൽ ഒരു റിസ്സോർട്ട് നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. മഴക്കാലം ആയത് കൊണ്ട് പോകുന്ന വഴിക്കുള്ള ചീയപ്പാറ waterfall ഒന്ന് കാണേണ്ടത് തന്നെ, പിന്നെ അവിടെയും ഇവിടെയും ഒക്കെയായി ചെറിയ ചെറിയ കൊച്ചരുവികളും കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും ഒക്കെ പോകുന്ന വഴിക്ക് കാണാം. മൂന്നാർ ടൗണിലൂടെയുള്ള NH 85 റോഡിൽ വർഷങ്ങളായി റോഡ് പണി നടക്കുകയാണ്, അകെ പൊടിയും ബ്ലോക്കും കാരണം നാലര മണിക്കൂറിലേറെ സമയം എടുത്തു മൂന്നാർ ടൗണിലെത്താൻ.

ടൗണിലെത്തി നേരെ റിപ്പിൾ ടീ ഔട്ട്ലെറ്റിൽ കയറി നല്ലൊരു ചായ കുടിച്ചു, ഇവിടെ നല്ല ഫസ്റ്റ് ക്വാളിറ്റി തേയില കൊണ്ടുള്ള ചായ കിട്ടും. സ്ഥല പരിമിതി മൂലം വണ്ടി പാർക്ക് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം അപ്പോളേക്കും ഉച്ചയ്ക്ക് മൂന്നര ആയിക്കാണും ചെറിയ തണുപ്പ് ഉണ്ട് നല്ല വെയിലും. പുറത്ത് നിന്നപ്പോൾ സെക്യൂരിറ്റി അടുത്ത് വന്നു സംസാരിച്ചു, മുപ്പത്തിമൂന്ന് എസ്റ്റേറ്റുകൾക്കും കൂടി ഉള്ള മെയിന് ഓഫീസ് എന്ന് പറഞ്ഞു ഒരു കെട്ടിടം സെക്യൂരിറ്റി എന്നെ ചൂണ്ടിക്കാണിച്ചു.

നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് നേരെ check-in ചെയ്തു റസ്റ്റ് എടുത്തു. ടൂറിസത്തിന്റെ പ്രധാന ഘടകങ്ങളായ റസ്റ്റോറന്റുകളും ബാറുകളും വെറൈറ്റി ഫുഡും ഇല്ലാത്തത് ആണ് മൂന്നാറിന്റെ ഒരു പ്രധാന അപാകത. സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ ശോചനീയം ആണ് കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രത്തിന്റെ 2026ile അവസ്ഥ. പ്രകൃതി ഈ അസൗകര്യങ്ങളെയെല്ലാം കവച്ചു വെയ്ക്കുന്നതിനാൽ മൂന്നാറിലെത്തിയാൽ നമ്മളിതെല്ലാം മറക്കും. പുറത്ത് ചെറിയ മഴ പെയ്യുന്നുണ്ട് വെറുതെയാണോ ഡാമിൽ വെള്ളം ഇല്ലാത്തത് കൊച്ചിയിലാണെങ്കിൽ പെരുമഴ, നേപ്പാളിലെ വെള്ളപ്പൊക്കത്തിന്റെ ന്യൂസ് ടിവിയിൽ കണ്ടുകൊണ്ട് ഒരു black കോഫിയും കുടിച്ച് അങ്ങനെ ഇരുന്നു.

എന്തോ ഒച്ച കേട്ടാണ് രാവിലെ ഉണർന്നത്, നോക്കിയപ്പോൾ തുറന്നു കിടന്നിരുന്ന ഒരു ജനൽ വഴി ഒരു കുട്ടികുരങ്ങൻ ഓടുന്നു. റൂമിൽ കുറച്ച് ഫുഡും ഫ്രൂട്സും ഒക്കെ ഉണ്ടായിരുന്നത് എല്ലാം നിലത്ത് ചവറു പോലെ കിടപ്പുണ്ട്, അങ്ങനെ ബ്രേക്ഫാസ്റ്റ് കുളമായി. ജനൽ ആരാണാവോ തുറന്നിട്ടത്. പിന്നീട് എല്ലാരും കുളിച്ച് റെഡി ആയി ചുമ്മാ പുറത്തേക്ക് ഒക്കെ ഒന്ന് കറങ്ങി, റോഡ് സൈഡിൽ നിന്നും ചൂട് മാഗിയും ബ്രെഡ് ഓംലെറ്റും കഴിച്ചു. അധികം ടൂറിസ്റ്റ് സ്പോട്ട് ഒന്നും ഇത്തവണ പോയില്ല, ചോക്രമുടിയിൽ നീലക്കുറിഞ്ഞി പൂത്തിട്ടുണ്ടായിരുന്നു അവിടെയെത്തി ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ കുട്ടികളെ കണ്ട് അവിടുത്തെ ഗാർഡ്സ് നിരുത്സാഹപ്പെടുത്തി, ഈ പിള്ളേരെയും കൊണ്ട് നടന്നു കേറാൻ പാടായത് കൊണ്ട് അത് ഉപേഷിച്ചു. ഗാപ് റോഡിലൂടെയുള്ള സ്ലോ ഡ്രൈവ് വിത്ത് ഓപ്പൺ റൂഫ് ഫോർ കിഡ്സ് ആയിരുന്നു അന്ന് മെയിൻ.

മൂന്നാറിൽ എത്തിയാൽ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ സുന്ദരമായി ഡ്രൈവ് ചെയ്യാവുന്ന മനോഹരമായ വിശാലമായ ഒരു റോഡ് ആണ് ഗാപ് റോഡ്. ഗാപ് റോഡിലൂടെ പോയപ്പോൾ ടോൾ ബൂത്തിനടുത്തായി ലോക്ക്ഹാർട്ട് ടീ ഫാക്ടറീ ബോർഡ് കണ്ടു നേരെ അങ്ങോട്ട് വച്ച് പിടിച്ചു. ആദ്യമായിട്ടാണ് ഞാൻ ഒരു ടീ ഫാക്ടറീ വിസിറ്റ് ചെയ്യുന്നത്, ഏകദേശം 21 ടൺ തേയിലയാണ് ഇവിടെ ദിവസവും process ചെയ്യുന്നത്.

ചൈനയിൽ ഒരു emperor നാലായിരത്തിലേറെ വർഷങ്ങൾക്ക് മുൻപ് യാദൃശ്ചികമായി കണ്ടെത്തിയ ഒന്നാണ് നമ്മളിന്ന് മിനിമം രണ്ട് നേരം കുടിക്കുന്ന ചായ. പിന്നെ അത് ചൈനയിൽ നിന്നും ബുദ്ധ സന്യാസിമാർ വഴി ജപ്പാനിലേക്കും യൂറോപ്പിലേക്കും കുടിയേറി. പിന്നീട് ബ്രിട്ടീഷുകാർ വഴി ഇന്ത്യയിൽ അസമിലും പിന്നീട് കേരളത്തിലും വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങി. ചൈനയ്ക്ക് പിറകിലായി ഇന്ത്യ ഇന്ന് ടീ പ്രൊഡക്ഷനിൽ രണ്ടാം സ്ഥാനത്താണ്. അങ്ങനെ ഒരു നീണ്ട ഫ്ലാഷ്ബാക്ക് ഉള്ള ചായയുടെ കഥ അത് ഒരു വല്ലാത്ത കഥയാണ്.

ചായ മൂന്ന് തരം ഉണ്ട് വൈറ്റ് ടീ, ഗ്രീൻ ടീ പിന്നെ നമ്മുടെ സാധാരണ കിട്ടുന്ന ബ്ലാക്ക് ടീ. തേയില നുള്ളുമ്പോൾ കിട്ടുന്ന ഏറ്റവും തളിരില ഉണക്കി ചൂട് വെള്ളം ചേർത്തുണ്ടാക്കുന്നതാണ് വൈറ്റ് ടീ. ഏറ്റവും വിലകൂടിയ തേയിലയാണിത് കിലോയ്ക്ക് ഏകദേശം 6000-7000 രൂപയോളം വരും. അല്പം കൂടി മൂത്ത ഇല കൊണ്ടുള്ളതാണ് ഗ്രീൻ ടീ. ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ഏറ്റവും വിലകൂടിയ ചായകൾ ആണിവ. വൈറ്റ് ടീ ഇലകൾ മൂന്ന് തവണ വരെ പുനരുപയോഗിക്കാം.

പിന്നെയുള്ളത് നമ്മുടെ സാധാരണ കട്ടൻ ചായ, തേയില നുള്ളുമ്പോൾ കിട്ടുന്ന ഇലകളിൽ വൈറ്റ് ടീയും ഗ്രീൻ ടീയും കഴിഞ്ഞാൽ ബാക്കിയുള്ള ഇലയും തണ്ടും എല്ലാം ചേർന്നത് ഉണക്കി ഫെർമെന്റ് ചെയ്ത് പൊടിച്ചു, നന്നായി ഉണക്കി തരികൾ എല്ലാം sort ചെയ്തു ഫ്ലേവർ ചേർത്ത് പാക്ക് ചെയ്തു വരുന്നതാണ് നമ്മളുപയോഗിക്കുന്ന സാധാരണ ബ്ലാക്ക് ടീ.

ഒരുപാട് വിസിറ്റേഴ്സ് ഉണ്ടായിരുന്നു ഫാക്ടറിയിലെ ലേഡി ഗൈഡ് എല്ലാം നന്നായി എക്സ്പ്ലെയിൻ ചെയ്തു തന്നു. അവസാനം tea tasting ഉണ്ടായിരുന്നു. വൈറ്റ് ടീ രുചി ഒന്ന് വേറെ തന്നെയാണ് ഒരു പ്രത്യേക mild രുചി മണം, ഗ്രീൻ ടീ കുറച്ചുകൂടി കടുപ്പം ആണ്. വെറും വയറ്റിൽ വൈറ്റ് ടിയോ ഗ്രീൻ ടീയോ കഴിക്കാൻ പാടില്ല. Antioxidants കൂടുതലായി ഉള്ളത് കൊണ്ട് weight loss, antiaging നും ഒക്കെ നല്ലതാണിത്. പണ്ടൊരിക്കൽ ഓഫീസിൽ വെച്ച് ഗ്രീൻ ടീ ആദ്യമായി വാങ്ങിയ സമയത്ത് കുറച്ചധികം ചായകുടിച്ച് ദിവസം മുഴുവൻ tired ആയി ഇരുന്നിട്ടുണ്ട്.

ഒരു നല്ല ചായ എങ്ങനെ ഉണ്ടാക്കാം എന്നതിന്റെ ഒരു infographic അവിടെ വെച്ചിരുന്നു 80 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ ഒരു കപ്പിന് മൂന്ന് ഗ്രാം എന്ന കണക്കിൽ തേയില ചേർത്ത് അഞ്ച് മിനിറ്റ് വെച്ചിട്ട് അരിച്ചെടുത്താൽ ഒട്ടും കയ്പില്ലാത്ത ചായ ഉണ്ടാക്കാം.

സ്കൂളിൽ പഠിക്കുമ്പോൾ “A nice cup of tea by George Orwell” വായിച്ചത് ഓർമ്മ വന്നു. വെള്ളത്തിന് ചൂട് കൂടിയാൽ ഇലയിലുള്ള tannin എന്ന കെമിക്കൽ കൂടുതലായി വെള്ളത്തിൽ കലരും അതുകൊണ്ടാണ് ചായ കയ്ക്കുന്നത്. കുറച്ച് ചൂടുള്ള പാല് ചേർത്ത് മധുരത്തിന് അല്പം പഞ്ചസാരയും ഇട്ടാൽ നമ്മുടെ പാൽച്ചായ റെഡി. പക്ഷേ ചയപ്രേമികൾ പാലോ പഞ്ചസാരയോ ചേർക്കാറില്ല. അവർ അല്പം പാൽ ചേർക്കുന്നത് ഒരു നിറത്തിനാണ് നമ്മളാണെങ്കിൽ പാലിന് നിറം കിട്ടാനാണ് ചായ ചേർക്കുന്നത്.

മറ്റൊരു പ്രധാന വിവരം എന്താണെന്ന് വെച്ചാൽ ചായയിലും കാപ്പിയിലും ഉള്ളത് കാഫിൻ എന്ന ഒരു കെമിക്കൽ ആണ്, ഇതാണ് നമുക്ക് ഒരു ഉന്മേഷം തരുന്നത്.

ആദ്യകാലത്ത് ചായയിൽ നിന്നും കണ്ടെത്തിയ കഫീൻ Theine എന്നാണറിയപ്പെട്ടിരുന്നത് കാപ്പിയിൽ നിന്നുള്ളത് Caffeine എന്നും, പിന്നീടാണ് ഇത് രണ്ടും ഒരേ കെമിക്കൽ ആണെന്ന് മനസ്സിലാകുന്നത്.

ചായയിലെ കഫീൻ vodka പോലെ വളരെ പതുക്കെയേ ശരീരത്തിൽ പ്രവർത്തിക്കുകയുള്ളൂ ഒരു നാല് മണിക്കൂർ വരെ എടുക്കും എന്നാൽ കോഫിയിൽ നിന്നുള്ള കഫീൻ rum പോലെ വളരെ പെട്ടെന്നു ശരീരത്തിൽ പ്രവർത്തിക്കും അതുകൊണ്ടാണ് കാപ്പി കുടിക്കുമ്പോൾ പെട്ടെന്നൊരു ഉന്മേഷം ഉണ്ടാവുന്നത്.

പിന്നീട് അവിടെയെല്ലാം ഒന്നു ചുറ്റിക്കറങ്ങി തിരിച്ചു റൂമിൽ എത്തി റിസോർട്ടിൽ തന്നെ വീണ്ടും ഒന്ന് ചുറ്റിക്കറങ്ങി. പിറ്റേ ദിവസം ഒരു പത്ത് മണിയോടെ തിരിച്ച് കൊച്ചിയിലേക്ക് യാത്ര തുടങ്ങി. ഇടയ്ക്ക് നേര്യമംഗലം കഴിഞ്ഞു ഇഞ്ചത്തൊട്ടി തൂക്കുപാലം കൂടി സന്ദർശിച്ച് അടുത്തുള്ളൊരു കടയിൽ നിന്നും കുറച്ച് റംബൂട്ടാനും വാങ്ങി യാത്ര തുടർന്നു, വൈകിട്ട് ഒരു നാല് മണി ആയപ്പോളേക്കും വീട്ടിൽ എത്തി അങ്ങനെ ട്രിപ്പ് ശുഭം.

Tags: മലയാളം Munnar Tea Caffine History