Fourty rules of love

"പ്രണയത്തിന്റെ നാല്പതു നിയമങ്ങൾ " പ്രണയത്തിനു നിയമങ്ങളുണ്ടോ ? ഉണ്ടാകാൻ പാടുണ്ടോ ? നോവലിന്റെ പേര് കേൾക്കുമ്പോൾ ഈ ചോദ്യങ്ങൾ സ്വാഭാവികം. എന്നാലിത് നന്നായി പ്രണയിക്കാൻ പഠിപ്പിക്കുന്ന വല്ലതും ആയിരിക്കാം എന്നതാവും ആദ്യമായി മനസിലേക്ക് വരുന്ന ചിന്ത. ടർക്കിഷ് എഴുത്തുകാരൻ Elif Shafak പറയുന്ന പ്രണയം മറ്റൊന്നാണ്, അത് മനുഷ്യനും ദൈവവും തമ്മിലുള്ള പ്രണയം ആണ് അതിൽ മനുഷ്യനാൽ പാലിക്കപ്പെടേണ്ട മര്യാദകളാണ് ഈ നിയമങ്ങൾ.
ടർക്കിഷ് എഴുത്തുകാരുടെ നോവലുകൾ ഒരു മലയാളിയെ സംബന്ധിച്ചു വളരെ വ്യത്യസ്ഥമായ ഒരു ലോകത്തേക്കുള്ള ജാലകം ആണ്. അധികമൊന്നും വായിച്ചിട്ടില്ലെങ്കിലും ഒന്നോ രണ്ടോ നോവലുകൾ വായിക്കുമ്പോൾ തന്നെ ഒരു ചിത്രം നമുക്ക് ലഭിക്കും. അറബി നാടുകളിലേക്കും പഴയ ഓട്ടോമൻ സാമ്രാജ്യത്തിലേക്കും പേർഷ്യൻ സാമ്രാജ്യത്തിലേക്കും അവ വായനക്കാരെ കൂട്ടികൊണ്ടു പോകും. തണുപ്പും ചൂടും മരുഭൂമികളും ഈന്തപ്പനയും ഒട്ടകങ്ങളും തിരക്കേറിയ ബസാറുകളും കൂടിച്ചേർന്ന ഒരു വ്യത്യസ്ഥ അനുഭവം. പരസ്പരം പോരടിച്ചു ഇടകലർന്നു ജീവിക്കുന്ന ഷിയാ, സുന്നി, ക്രിസ്ത്യൻ, ജൂതൻ, സോരാഷ്ട്ര വിശ്വാസങ്ങളും പ്രണയവും, സംഗീതവും, നൃത്തവും ചേർത്ത് പിടിക്കുന്ന സൂഫിസവും ചേർന്നുള്ള ദേശവർണ്ണനകൾ നിരവധിയുള്ള നോവലുകൾ.
ഇത്തരം വർണ്ണനകൾ വായിച്ചാൽ അങ്ങോട്ടൊക്കെ യാത്ര ചെയ്യാനുള്ള ആവേശം നമ്മിൽ ഉണ്ടാകും. വായിച്ചും കേട്ടും അറിഞ്ഞ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പലപ്പോളും എനിക്ക് അത്ര നല്ല സുഖകരമായി തോന്നിയിട്ടില്ല. വായന സൃഷ്ടിക്കുന്ന ചിത്രങ്ങൾ അവിടെയെത്തുമ്പോൾ വികൃതമാവാറാണ് പതിവ്. യാത്ര ചെയ്യാനുള്ള ആഗ്രഹത്തെ അത് പലപ്പോളും പ്രതികൂലമായി ബാധിക്കാറുണ്ട്.
അവിചാരിതമായാണ് ഞാൻ "40 റൂൾസ് ഓഫ് ലവ്" എന്ന നോവൽ വായിക്കുന്നത്. ഈ പുസ്തകം എപ്പോൾ വാങ്ങി എന്നത് പോലും എനിക്ക് ഓർമ്മ ഇല്ല. സൂഫിസത്തെപ്പറ്റിയും റൂമിയെപ്പറ്റിയും പല പുതിയ വിവരങ്ങളും ഇതിൽ നിന്നും മനസിലാക്കാനായി. ഇന്ത്യൻ വേദാന്തത്തിലേയും സൂഫിസത്തിലേയും പ്രധാന ആശയങ്ങൾ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നതായി ഇത് വായിച്ചപ്പോൾ മനസ്സിലാക്കാനായി. സൂഫിസത്തിലെ ദൈവിക പ്രണയത്തിന്റെ നാല് തലങ്ങൾക്ക് വേദാന്തത്തിൽ പറയുന്ന ജാഗ്രത(സ്ഥൂല), സ്വപ്നം(സൂക്ഷ്മ), സുഷുപ്തി(ശൂന്യ), തുരീയം അവസ്ഥകളോടുള്ള സാദൃശ്യം തന്നെ ഇതിനുള്ള തെളിവ് ആണ്. പേർഷ്യയിലെ (ഇന്നത്തെ ഇറാൻ) തബ്രീസിൽ നിന്നുള്ള സൂഫി സന്യാസിയായ ഷാമ്മ്സ് തുർക്കിയിലെ Konya യിലുള്ള യാഥാസ്ഥിതിക ഇസ്ലാമിക പണ്ഡിതനായ റൂമിയെ സൂഫിസത്തിലേക്ക് നയിക്കുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. ഖുർആനിന്റെ വ്യെത്യസ്ഥമായ വ്യാഖ്യാനത്തിലൂടെ ഷാമ്മ്സ് ചിട്ടപ്പെടുത്തുന്ന നാൽപതു നിയമങ്ങളിലൂടെ നോവൽ സഞ്ചരിക്കുന്നു. ഈ നിയമങ്ങൾ നാല്പതു ദിവസങ്ങൾ കൊണ്ട് അദ്ദേഹം റൂമിക്ക് പഠിപ്പിച്ചു കൊടുക്കുകയും ശേഷം റൂമിയിലൂടെ, റൂമിയുടെ കവിതകളിലൂടെ അവ ലോകത്തു പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
പതിമൂന്നാം നൂറ്റാണ്ടിലെ തുർക്കിയിലെ Konya എന്ന സ്ഥലത്തെ സാമൂഹിക പശ്ചാത്തലവും സമൂഹത്തിലെ സാധാരണക്കാരായ ആളുകളുടെ അന്നത്തെ ജീവിതസാഹചര്യങ്ങളും, ചെങ്കിസ്ഖാന്റെ മംഗോൾ പടയുടെ യുദ്ധഭീതിയിലും ജീവിക്കുന്ന ജനതയുടെ ആശയങ്ങളും ആശങ്കകളും നോവലിൽ വിശദമായി വിവരിച്ചിരിക്കുന്നു. രണ്ടോ മൂന്നോ പേജുകളിൽ ഒതുങ്ങുന്ന ചെറു അദ്ധ്യായങ്ങളായി ഏഴുതപ്പെട്ട നോവൽ ആണിത്. ദീർഘമായ വായനയുടെ ഒരു അക്ഷമത ഇല്ലാതെയാക്കുന്നതിൽ ഈ രീതി തീർച്ചയായും ഗുണകരം ആണ്.
നോവലിനകത്തെ നോവൽ എന്ന വ്യെത്യസ്തമായ ശൈലി ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്, ആധുനിക കാലത്ത് സഞ്ചാരിയായ അസീസ് എന്ന നോവലിസ്റ്റ് ഏഴുതിയ "Sweet Blashphemy" എന്ന നോവൽ റിവ്യൂ ചെയ്യുന്ന Ella എന്ന അമേരിക്കക്കാരിയായ സ്ത്രീയുടെ ജീവിതത്തിലൂടെയും മനോവ്യാപാരങ്ങളിലൂടെ ആണ് നമ്മൾ ഷാമ്മ്സിന്റെയും റൂമിയുടെയും കഥ മനസിലാക്കുന്നത്. നോവൽ വായിച്ചും സംവദിച്ചും Ella നോവലിസ്റ്റിന്റെ ആശയങ്ങളിൽ ആകൃഷ്ടയാകുകയും അസീസിനെ പ്രണയിക്കുകയും അവർ ഒരുമിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ചുരുക്കി പറഞ്ഞാൽ കഥ.